നിലവിൽ ലോകത്തിൽ സംഭവിക്കുന്നത് നിരീക്ഷിച്ചുകൊണ്ടും നമ്മുടെ സമൂഹത്തിൽ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ഇല്ലാതാകുന്നത് കണ്ടുകൊണ്ടും കാഴ്‌ചക്കാരായി ഇനിമുതൽ നോക്കിനിൽക്കാൻ ആഗ്രഹിക്കാത്ത, നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യയെ പ്രണയിക്കുന്ന ഒരുകൂട്ടം ആളുകളുടെ സംഘമാണ് ഞങ്ങൾ. ഞങ്ങൾ ഇടപെടാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്! ഞങ്ങളാണ് 1984 Group.
ആശയവിനിമയ സ്വകാര്യതയും ആത്മാവിഷ്ക്കാരത്തിനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാ മാനുഷികാവകാശങ്ങളുടെയും സംരക്ഷണമാണ് ഞങ്ങളുടെ പ്രധാന മൂല്യങ്ങൾ. ഈ മാനിഫെസ്‌റ്റോയിലൂടെ, മേൽപ്പറഞ്ഞ മൂല്യങ്ങൾ മാനവകുലത്തിനായി ഉയർത്തിക്കാട്ടാനും ഉയർന്ന തലത്തിലുള്ള സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന വരുംകല സമൂഹത്തിൽ ഇതിനായൊരു ഉറച്ച അടിത്തറ നിർമ്മിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. മാനവികതയും സ്വാതന്ത്ര്യവും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു സ്വയം നിയന്ത്രിത സമൂഹത്തിന്റെ വികസനത്തിന് സംഭാവന നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
വൈവിധ്യമാർന്ന വിവര സാങ്കേതികവിദ്യകൾ ലഭ്യമാകുന്ന തിരക്കേറിയ ഈ ലോകത്തിൽ, വിശ്വസനീയമായ ആശയവിനിമയം എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ഘടകമായി മാറിയിട്ടുണ്ട്. ARPANet-ലേക്ക് ഡാറ്റയുടെ ആദ്യ ബിറ്റ് അയയ്ക്കപ്പെടുകയും ആദ്യ ഡാറ്റാ കണക്ഷൻ സാധ്യമാവുകയും ചെയ്‌തപ്പോഴാണ് സത്യത്തിൽ ഇതിനെല്ലാം തുടക്കമാവുന്നത്. വിവരവുമായി ബന്ധപ്പെട്ട പുതിയൊരു മാനത്തിലേക്ക് നമ്മൾ വളരെ പെട്ടെന്ന് പ്രവേശിച്ചു. തുടർന്നിങ്ങോട്ട്, ആശയവിനിമയ മാർഗ്ഗങ്ങൾ നമ്മുടെ ഗ്രഹത്തെ ചെറുതാക്കിക്കൊണ്ടുവന്നു, ഇപ്പോഴാകട്ടെ ക്ഷണനേരം കൊണ്ട് ഭീമമായ അളവിലുള്ള ഡാറ്റ അയയ്ക്കാൻ നാം പ്രാപ്‌തരായിരിക്കുന്നു.
നെറ്റ്‌വർക്കുകൾ നമുക്ക് സ്വാതന്ത്ര്യമെന്ന ഏറ്റവും സുപ്രധാനമായ ഒരു ഘടകത്തെ നൽകിയിരിക്കുന്നു. ഇന്റർനെറ്റിൽ ഏതൊരു വിഷയവുമായി ബന്ധപ്പെട്ടും സ്വന്തം അഭിപ്രായങ്ങളും വീക്ഷണങ്ങളും പ്രകടിപ്പിക്കാൻ എല്ലാവർക്കും വളരെപ്പെട്ടെന്നാണ് അവസരം ലഭിച്ചത്. വിവരങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള ആക്‌സസ്, പൊതുജനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള വാർത്ത മറച്ചുവയ്ക്കുന്നത് ഏതാണ്ട് അസാധ്യമാക്കിത്തീർത്തു. സെൻഷർഷിപ്പ് എന്ന ആശയം തന്നെ ഏതാണ്ട് കുറ്റിയറ്റ് പോയിരിക്കുന്നു. ഇമെയിൽ പോലുള്ള പല തരത്തിലുള്ള സേവനങ്ങൾ ജനപ്രീതിയാർജ്ജിക്കാൻ തുടങ്ങി. എന്നിരുന്നാലും, നമ്മൾ വിവരങ്ങൾ പങ്കിടുന്നതിലെ ലാളിത്യം, സ്വകാര്യതയുടെയും അജ്ഞാതസ്വഭാവത്തിന്റെയും ഒരു മിഥ്യാധാരണ നമ്മിൽ സൃഷ്ടിച്ചു, നമ്മൾ അയയ്ക്കുന്ന കത്തിന്റെ ഉള്ളടക്കം രഹസ്യസ്വഭാവത്തോടെ തുടരുമെന്നും വിശ്വസിക്കാൻ കൊള്ളാത്തൊരു പോസ്റ്റ്‌മാൻ അത് വായിക്കില്ലെന്നും ഉള്ള കേവലയുക്തിയിൽ ഊന്നിയ മിഥ്യാധാരണയാണ് ഇമെയിൽ നമുക്ക് നൽകിയത്. നമ്മുടെ എല്ലാ പ്രവൃത്തികളും ട്രാക്ക് ചെയ്യാൻ കഴിയുമെന്നും സർക്കാരുകൾക്കും സ്വകാര്യ കോർപ്പറേഷനുകൾക്കും മറ്റ് ഉദ്ദേശ്യങ്ങൾക്കായി നമ്മുടെ ഡാറ്റ ഉപയോഗിക്കാൻ കഴിയുമെന്നും ഉള്ള കാര്യം നമ്മൾ മറന്നുകളഞ്ഞു, നിർഭാഗ്യവശാൽ അത് തന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.
ഏതാണ്ട് എല്ലാ വികസിത രാജ്യങ്ങളിലെയും സർക്കാരുകൾ, തങ്ങളുടെ പ്രധാന ശത്രുവായ 'സ്വതന്ത്ര സമൂഹ'വുമായി അദൃശ്യമായൊരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. നമ്മുടെ ലോകം പണിതുയർത്തപ്പെട്ടിരിക്കുന്ന, സ്വാതന്ത്ര്യം, ജനാധിപത്യം, അടിസ്ഥാന തത്വങ്ങൾ എന്നിവയെ കുറിച്ചുള്ള എല്ലാ വാക്കുകളും പ്രസ്‌താവനകളും സ്വതന്ത്രരായ ആളുകളുടെ ശ്രദ്ധ തിരിക്കാനും അവരെ കബളിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള വെറുമൊരു പ്രചരണോപാധി മാത്രമാണ്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഐതിഹ്യത്തിന് കീഴിൽ, പൊലീസിനാൽ നടത്തപ്പെടുന്ന ഒരു മാതൃകാ രാഷ്ട്രം രൂപപ്പെടുന്നു, ഇവിടെ ഓരോ പൗരന്റെയും ജീവിതം ചില മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ളതാകണം, അത് അറിയപ്പെടുകയും വേണം. ജനാധിപത്യം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം, "ജനങ്ങളുടെ ഭരണം" എന്നാണ്, ഇതാകട്ടെ മറ്റൊരു മിഥ്യാധാരണയാണ്. മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ടും സാമൂഹിക മാധ്യമങ്ങളെ സ്വാധീനിച്ചുകൊണ്ടും, സർക്കാരുകൾക്കും സ്വകാര്യ കോർപ്പറേഷനുകൾക്കും അഭിലഷണീയമായ പ്രവണതകൾ സൃഷ്‌ടിക്കാനും ഈ പ്രവണതകളെ പൊതുജനങ്ങളിലേക്ക് എത്തിക്കാനുമാകും. ഈ പ്രവണതകളിൽ നിന്നുള്ള എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ അസ്വീകാര്യമായി പരിഗണിക്കപ്പെടുകയും സർക്കാരുകൾ അത്തരം വ്യതിയാനങ്ങളെ മുളയിലേ നുള്ളിക്കൊണ്ട് അടിച്ചമർത്തുകയും ചെയ്യുന്നു.
ആളുകളുടെ സംഘങ്ങൾക്കും വ്യക്തികൾക്കും നെറ്റ്‌വർക്കുകൾ നൽകുന്ന സ്വാതന്ത്ര്യത്തിന്റെ മാനം തിരിച്ചറിഞ്ഞുകൊണ്ട്, ആധുനിക ലോകത്തിൽ വർദ്ധിതമായ തോതിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന, ഈ പ്രസ്‌തുത രംഗത്തെ വിജയസാധ്യതയുള്ള എല്ലാ സംഭവവികാസങ്ങളും അടിച്ചമർത്താനും നശിപ്പിക്കാനും സർക്കാരുകൾ തീരുമാനിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഐടി കോർപ്പറേഷനുകളുമായുള്ള സഹകരണത്തോടെ, ലോകത്തിന് മുകളിൽ സമ്പൂർണ്ണമായ വിവര അധീശത്വമാണ് സർക്കാരുകൾ ലക്ഷ്യമിടുന്നത്. സ്വന്തം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ഏതൊരു നെറ്റ്‌വർക്കിലൂടെയും അയയ്ക്കപ്പെടുന്ന ഓരോ ബിറ്റ് ഡാറ്റയും തടയുന്നതിനും വിശകലനം ചെയ്യുന്നതിനും ആവശ്യമായ എല്ലാ നിയമവിരുദ്ധവും അധാർമ്മികവുമായ മുൻകരുതലുകളും എടുക്കാൻ സർക്കാരുകൾ തയ്യാറായിരിക്കുകയാണ്. ഇതിനായി സാധ്യമായ എല്ലാ രീതികളും സർക്കാരുകൾ ഉപയോഗിച്ചിട്ടുണ്ട്, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളിൽ ഹാർഡ്‌വെയർ പാച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്, നിയമവിരുദ്ധമായ സഹകരണത്തിന് ഐടി കമ്പനികളെ നിർബന്ധിക്കുന്നുണ്ട്, സ്വകാര്യ ഉപയോക്തൃ ഡാറ്റയുടെ നിരീക്ഷണവും വെബിൽ നിന്നുള്ള അവയുടെ ശേഖരണവും നിയമപരമാക്കുന്നതിന് നിയമങ്ങൾ സൃഷ്‌ടിച്ചിട്ടുമുണ്ട്.
പൊലീസിനാൽ നിയന്ത്രിക്കപ്പെടുന്ന ഭാവി സമൂഹത്തെ സങ്കൽപ്പിച്ചുകൊണ്ട്, 1960-കളിൽ, ജോർജ്ജ് ഓർവെൽ 'ണയന്റീൻ എയ്‌റ്റി ഫോർ' എന്നൊരു നോവൽ എഴുതിയിട്ടുണ്ട്, പൗരന്മാരുടെ മനസ്സിൽ, സർക്കാർ പരിപ്രേക്ഷ്യത്തിൽ നിന്ന് വിഭിന്നമായൊരു തെറ്റായ ചിന്ത ഉണ്ടാകുമ്പോൾ 'തോട്ട്' പൊലീസ് അവരെ അറസ്റ്റ് ചെയ്യുന്ന രീതി ഇവിടെ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇവിടെ 'ട്രൂത്ത്' മന്ത്രാലയം ആളുകൾക്ക് 'ശരിയായ' തരത്തിലുള്ള വിവരങ്ങൾ മാത്രം, കർശനമായ സെൻഷർഷിപ്പിന് കീഴിൽ, എത്തിച്ച് കൊടുക്കുന്നു. ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഉയർന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കപ്പെടുന്ന നമ്മുടെ ലോകത്തിൽ, തന്റെ ഉട്ടോപ്പിയാ-വിരുദ്ധതയുടെ സമ്പൂർണ്ണ സമാനതയ്ക്ക് വേണ്ടി ചില രാജ്യങ്ങൾ പ്രയത്നിക്കുമെന്ന് സ്വപ്‌നത്തിൽ പോലും ഓർവെൽ ചിന്തിച്ചിരുന്നില്ല എന്ന് നമുക്ക് ഊഹിക്കാം. നെറ്റ്‌വർക്കുകളുടെ സഹായത്തോടെ, ഓരോ വ്യക്തിയുടെയും നിരീക്ഷണത്തിനായി വലിയ തോതിലുള്ള സംവിധാനങ്ങൾ സർക്കാരുകളുടെ പക്കലുണ്ട്. വിവര പ്രവാഹത്തെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരിക വഴി, ഏതൊരു വ്യക്തിയിൽ നിന്നുമുള്ള ഭിന്നാഭിപ്രായത്തെയും, നെറ്റ്‌വർക്കിലൂടെയുള്ള ഡാറ്റാ കൈമാറ്റത്തിന്റെ പ്രാരംഭ സമയത്ത് തന്നെ, അടിച്ചമർത്തുന്നതിനുള്ള ശേഷി സർക്കാരുകൾക്കുണ്ട്. വിശ്വസനീയമല്ലാത്ത എല്ലാ വിവരങ്ങളും ഫിൽട്ടർ ചെയ്യുകയും പ്രയോജനകരമായ വിവരങ്ങൾ മാത്രം ഉപയോക്താക്കൾക്ക് നൽകുകയും ചെയ്യുന്നതിലൂടെ, സർക്കാരുകളുടെ പക്കൽ വളരെ ശക്തമായൊരു സെൻഷർഷിപ്പ് സംവിധാനമുണ്ട്. ഫോൺ കോളുകൾ രഹസ്യമായി കേട്ടുകൊണ്ടും ഇമെയിലുകളും തൽക്ഷണ സന്ദേശങ്ങൾ വായിച്ചുകൊണ്ടും അവ വിശകലനം ചെയ്‌തുകൊണ്ടും, സാങ്കേതികവിദ്യയിലൂന്നിയ സർക്കാരുകൾ സിവിൽ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് വരികയാണ്. ആശയവിനിമയങ്ങളുടെ സ്വകാര്യത, മനുഷ്യാവകാശങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. വികസിത രാജ്യങ്ങളിലെ മിക്ക ഭരണഘടനകളിലും സ്വകാര്യ ആശയവിനിമയത്തിനുള്ള അവകാശം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും നിയമവിരുദ്ധമായി സൃഷ്ടിച്ചിട്ടുള്ള നിയമങ്ങൾ ഈ അവകാശത്തെ അസാധുവാക്കുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുള്ള നിങ്ങളുടെ അന്യാധീനപ്പെടാത്ത മാനുഷികാവകാശങ്ങളിൽ അവസാനത്തേതിനും നിങ്ങളുടെ ചിന്തകളും ആശയങ്ങളും വാക്കുകളും തോന്നലുകളുമായി ബന്ധപ്പെട്ട സ്വകാര്യതയ്ക്കുള്ള അവകാശത്തിനും എതിരെ വിവേചനം കാണിക്കുന്ന അനുബന്ധ നിയമങ്ങളോ നിയമ ഭേദഗതിയോ കൊണ്ടുവരുന്ന സമയത്ത്, ആരും നിങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. നിങ്ങളുടെ മുൻഗണനകളും നിങ്ങളുടെ നീക്കങ്ങളും കോളുകളും കോൺടാക്‌റ്റ് ലിസ്റ്റുകളും സാമൂഹ മാധ്യമങ്ങളിലെ സംഭാഷണങ്ങളും ഉൾപ്പെടെ, നിങ്ങളുടെ എല്ലാ ഡാറ്റയും ഐടി കോർപ്പറേഷനുകൾ വിശകലനം ചെയ്യുകയാണ്. അഞ്ച് വർഷം കൂടി കഴിഞ്ഞാൽ, അത്തരം രീതികളുടെ വർദ്ധിതമായ കാര്യക്ഷമതയെ കുറിച്ച് പ്രവചിക്കുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ചും വിതരണം ചെയ്യപ്പെടുന്ന ലെഡ്‌ജർ സാങ്കേതികവിദ്യയുടെയും ഐഡന്റിയുടെ ഡിജിറ്റൽ വൽക്കരണത്തിന്റെയും അതിവേഗത്തിലുള്ള വളർച്ചയും വികാസവും പരിഗണിക്കുമ്പോൾ. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പണം സമ്പാദിക്കുന്നത് മെച്ചപ്പെടുത്താൻ ഈ വിശകലനങ്ങൾ കോർപ്പറേഷനുകളെ അനുവദിക്കുന്നു, നിങ്ങൾക്ക് ഭിന്നാഭിപ്രായങ്ങളും സർക്കാരിന്റെ കാഴ്ചപ്പാടിൽ വിശ്വസിക്കാൻ കൊള്ളാത്ത വ്യക്തികളുമായി എന്തെങ്കിലും സംഭവ്യമായ ഇടപഴകലുകളും ഉണ്ടോ എന്ന് കണ്ടെത്താൻ നിങ്ങളുടെ ഡാറ്റയിൽ കൂടുതൽ വിശകലനങ്ങൾ നടത്തുന്നതിന് സർക്കാരുകളുമായി വിജയകരമായി സഹകരിക്കാനും കോർപ്പറേഷനുകൾക്ക് കഴിയും. സമയം കടന്നുപോകുന്തോറും ഈ മതിഭ്രമ പ്രവണതയും ഈ കേന്ദ്രീകൃത സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നതിനുള്ള ശക്തികളും കൂടുതൽ ശക്തിപ്പെടും. ഇപ്പോൾ നിസ്സംഗത കാണിക്കുക വഴി, നിങ്ങളുടെ സ്വാതന്ത്ര്യം എടുത്തുമാറ്റാൻ കഴിയുമെന്നും എടുത്തുമാറ്റപ്പെടുമെന്നും ഉള്ള വസ്തുതയെ നിങ്ങൾ ബോധപൂർവ്വം അംഗീകരിക്കുകയാണ്.
സമ്പൂർണ്ണ വികേന്ദ്രീകരണമാണ് ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരമാർഗ്ഗം. കേന്ദ്രസ്ഥാനമുള്ള എന്തിനും ആക്രമിക്കപ്പെടാമെന്ന അപകടസാധ്യതയുണ്ട്. വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന നെറ്റ്‌വർക്കിനെ നിയന്ത്രിക്കാൻ കഴിയില്ല, ഈ വികേന്ദ്രീകൃത സ്വഭാവം അതിനെ തീർത്തും ബലവത്താക്കുന്നു. നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നതിന് മറ്റെന്തൊക്കെ ചെയ്യാനാകും? എൻക്രിപ്‌ഷൻ! നമ്മുടെ ഏറ്റവും ശക്തമായ ആയുധമാണിത്. എൻക്രിപ്‌റ്റ് ചെയ്യപ്പെട്ടിട്ടുള്ള സന്ദേശങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ വികേന്ദ്രീകൃത നെറ്റ്‌വർക്കിലൂടെ എളുപ്പത്തിൽ വ്യാപിക്കാൻ കഴിയും, സന്ദേശങ്ങളുടെ ഉള്ളടക്കം എന്താണെന്നും അതിൽ ഉൾപ്പെട്ട കക്ഷികൾ ആരൊക്കെയാണെന്നും ഊഹിക്കാൻ മാത്രമേ സർക്കാരുകൾക്ക് കഴിയൂ. ഞങ്ങളുടെ മെസഞ്ചർ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ആശയവിനിമയം സ്വകാര്യമായും സുരക്ഷിതമായും പരിപാലിക്കുന്നതിനുള്ള അനുയോജ്യമായ ഉപകരണം നിങ്ങളുടെ പക്കലുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.
നിങ്ങളുടെ ആശയവിനിമയങ്ങളിലേക്ക് സ്വകാര്യത തിരികെ കൊണ്ടുവരാനും നമ്മുടെ സമൂഹത്തിൽ സ്വാതന്ത്ര്യത്തിലേക്കുള്ള ഈ സുപ്രധാന ചുവടുവയ്പ്പ് നടത്താനും നിങ്ങൾക്ക് മാത്രമാണ് കഴിയുക. Utopia വികസിപ്പിച്ചെടുത്ത സമയത്ത്, ലോകമെമ്പാടുമുള്ള ആളുകളുടെ ആശങ്കകൾക്കും ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും ഞങ്ങൾ കാതോർത്തു. നിങ്ങളുടെ ജീവിതത്തിലേക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആശയവിനിമയ സ്വകാര്യതയും തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഉപകരണം ഞങ്ങൾ ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഡാറ്റാ ട്രാൻസ്‌മിഷനിലോ സ്‌റ്റോറേജിലോ കേന്ദ്ര സെർവറുകളില്ലാത്ത വികേന്ദ്രീകൃതമായ നെറ്റ്‌വർക്കാണ് Utopia. നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ആളുകളാണ് അതിനെ പിന്തുണയ്‌ക്കുന്നത്. Utopia ഉപയോഗിച്ച് നിങ്ങൾക്ക് തൽക്ഷണ ടെക്‌സ്റ്റ് സന്ദേശങ്ങളും ശബ്ദ സന്ദേശങ്ങളും അയയ്ക്കാനോ ഫയലുകൾ കൈമാറാനോ ഒരു ബ്ലോഗോ വാർത്താ ഫീഡോ പ്രവർത്തിപ്പിക്കാനോ ഗ്രൂപ്പ് ചാറ്റ് സൃഷ്ടിക്കാനോ ഒരു സ്വകാര്യ ചർച്ച നടത്താനോ കഴിയും. പൊതു മാപ്പുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യമില്ലാത്ത തരത്തിൽ, ലോകമെമ്പാടുമുള്ള Utopia ചാനലുകളുടെ തിരയൽ ലളിതമാക്കുന്നതും അധിക സുരക്ഷ നൽകുന്നതുമായ സംയോജിത uMaps ഉപയോഗിച്ചുകൊണ്ട് ഒരു ചാനൽ ജിയോടാഗ് ചെയ്യാവുന്നതാണ്. Utopia ഉൾച്ചേർത്തിരിക്കുന്ന uWallet-ൽ എല്ലാ സാമ്പത്തിക പ്രവർത്തനക്ഷമതകളും കണ്ടെത്താവുന്നതാണ്; Utopia-യുടെ ക്രിപ്‌റ്റോകറൻസിയായ 'Crypton' ഉപയോഗിച്ചിരിക്കുന്ന പേയ്‌മെന്റുകൾ കൊടുക്കാനോ സ്വീകരിക്കാനോ നിങ്ങളുടെ വെബ്‌സൈറ്റിൽ പേയ്‌മെന്റുകൾ സ്വീകരിക്കാനോ നിങ്ങളുടെ പബ്ലിക് കീ വെളിപ്പെടുത്താതെ Crypto കാർഡുകൾ മുഖേന പണമടയ്ക്കാനോ നിങ്ങളുടെ സേവനങ്ങൾക്കായി സഹ Utopia ഉപയോക്താക്കൾക്ക് ബിൽ ചെയ്യാനോ നിങ്ങൾക്ക് ഈ വാലറ്റ് ഉപയോഗിക്കാനാകും. വേഗതയേറിയതും എളുപ്പമുള്ളതുമായ ഉൾച്ചേർക്കലിനായി വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു API-യും ഒരു uNS പേരിന്റെ ഉടമയായ ഒരു ഉപയോക്താവിനും മറ്റേതെങ്കിലും നെറ്റ്‌വർക്ക് ഉപയോക്താവിനും ഇടയിൽ ഡാറ്റ ടണൽ ചെയ്യുന്നതിനുള്ള ശേഷിയും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു, അങ്ങനെ Utopia-യ്ക്കുള്ളിൽ വെബ്‌സൈറ്റുകൾ ഹോസ്‌റ്റ് ചെയ്യുന്നത് അനുവദിക്കപ്പെടുന്നു.
സ്വാതന്ത്ര്യം നിലനിൽക്കുന്നു, എന്നാൽ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ആവശ്യമുള്ളവർക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്. നിങ്ങളുടെ സ്വന്തം വ്യക്തിഗത സ്വാതന്ത്ര്യം പരിരക്ഷിക്കുക വഴി, നിങ്ങൾ മനുഷ്യരാശിയുടെ പരിണാമത്തെ പ്രോത്സാഹിപ്പിക്കുന്നു, നിങ്ങളുടെ സഹായത്തോടെ മാനവകുലത്തിന്റെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്, ആ സ്വയം നിയന്ത്രിത സമൂഹത്തിലേക്ക്, നമുക്ക് മുന്നേറാം.
സ്വതന്ത്ര വ്യക്തികൾക്കായുള്ള ഈ ഉപകരണത്തിൽ ഞങ്ങളുടെ സമയവും വിഭവസാമഗ്രികളുമെല്ലാം വിനിയോഗിക്കുക വഴി, നിലവിലുള്ള സംസ്ക്കാരങ്ങളുടെ ആയിരക്കണക്കിന് വർഷത്തെ മൂല്യമുള്ള അനുഭവത്തെ അടിസ്ഥാനമാക്കി, യുക്തിസഹമായ അൽഗോരിതങ്ങളും ഗണിതശാസ്ത്രപരവുമായ അൽഗോരിതങ്ങളും വിശകലനങ്ങളും ഉപയോഗിച്ച്, സ്വയം നിയന്ത്രിക്കുന്ന ഒരു മാതൃകാ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതിന് ഞങ്ങൾ ആത്മാർത്ഥമായി പ്രയത്നിക്കുന്നു. മനുഷ്യ സമൂഹത്തിന്റെ ശക്തിയെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്ന, പക്ഷപാതമില്ലാത്ത കോടതികളും വികേന്ദ്രീകൃതമായ നെറ്റ്‌വർക്കുകളും വികസിച്ച് വരുന്നത് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിയമങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കുന്ന കുറച്ച് വ്യക്തികളല്ല, പകരം ജനങ്ങളാണ് നിയമം സൃഷ്ടിച്ചിരിക്കുന്നതെന്ന വസ്‌തുതയെ അടിസ്ഥാനമാക്കിയാണ് ജനങ്ങളുടെ യഥാർത്ഥ അധികാരം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. ക്രിപ്റ്റോഗ്രഫിയെയും ഗണിതത്തെയും അടിസ്ഥാനമാക്കിയുള്ള ആഗോള വികേന്ദ്രീകൃത വോട്ടിംഗ് സംവിധാനവും ജനഹിത പരിശോധനാ സംവിധാനവും കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ നിമിഷം ഭാവി പിറക്കുകയാണ്, ആശയവിനിമയത്തിനായുള്ള ഈ സുരക്ഷിതമായ ഉപകരണത്തിലേക്ക് ഓരോ വ്യക്തിയും നൽകുന്ന സംഭാവന, ശരിയായ തരത്തിലുള്ള മാനുഷികവും തികച്ചും സ്വതന്ത്രവും വികേന്ദ്രീകൃതവുമായ ഒരു സമൂഹമെന്ന ആശയത്തിലേക്ക് മുന്നേറാൻ നമ്മളെ വളരെയധികം സഹായിക്കും.